06:41pm 22 September 2026
NEWS
ആറുവയസുകാരന്റെ ദുരൂഹ മരണം; മന്ത്രവാദവും നരബലി ആരോപണവും; മുത്തശ്ശിയും പിതൃസഹോദരിയും പൊലീസ് കസ്റ്റഡിയിൽ
17/06/2026  06:39 AM IST
nila
ആറുവയസുകാരന്റെ ദുരൂഹ മരണം; മന്ത്രവാദവും നരബലി ആരോപണവും; മുത്തശ്ശിയും പിതൃസഹോദരിയും പൊലീസ് കസ്റ്റഡിയിൽ

ചെന്നൈ: ആറുവയസുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശിയേയും പിതൃസഹോദരിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. ഇവർ മന്ത്രവാദം നടത്തുകയും കുഞ്ഞിനെ നരബലി നടത്തുകയുമായിരുന്നു എന്നാണ് ഉയരുന്ന ആരോപണം.

മുകിലൻ എന്ന ആറുവയസുകാരനെയാണ് പിതാവിന്റെ അമ്മയായ വിജയയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പൊള്ളലേറ്റ പാടുകളും തലയ്ക്ക് ആയുധം കൊണ്ടേറ്റ മുറിവുകളും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

രാജേഷിന്റെയും ആശയുടെയും മകനായ മുകിലന്റെ ജനനശേഷം മാതാപിതാക്കൾക്കിടയിൽ കുടുംബപ്രശ്നങ്ങൾ രൂക്ഷമായിരുന്നുവെന്നും, പിന്നീട് ഇരുവരും വേർപിരിഞ്ഞ് താമസിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. പിന്നീട് ദമ്പതികൾ വീണ്ടും ഒരുമിച്ചെങ്കിലും ജോലിസംബന്ധമായ കാരണങ്ങളാൽ നഗരത്തിലേക്ക് താമസം മാറിയതോടെ കുട്ടിയെ രാജേഷിന്റെ അമ്മയുടെ സംരക്ഷണത്തിലാക്കി.

വിജയ മന്ത്രവാദത്തിലും ആഭിചാരക്രിയകളിലും ഏർപ്പെട്ടിരുന്നുവെന്നും, രാജേഷിന്റെ സഹോദരി രേവതിക്കും കുട്ടിയോട് വിരോധമുണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അമാവാസി ദിനവുമായി ബന്ധപ്പെട്ട് നരബലി നടത്തിയതാകാമെന്ന സംശയവും അവർ ഉന്നയിച്ചിട്ടുണ്ട്.

സംഭവസ്ഥലത്ത് നിന്ന് ചില അസാധാരണ വസ്തുക്കൾ കണ്ടെത്തിയതായും, അവ ആചാരപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ടതാകാമെന്നുമാണ് സൂചന. എന്നാൽ നരബലിയോ മന്ത്രവാദമോ നടന്നതായി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് പരിശോധനയുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും മരണകാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്തുകയെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img